Month: ജൂലൈ 2022

സൗഖ്യമായവനെപ്പോലെ ജീവിക്കുക

ഇന്ത്യയിലെ രണ്ട് സഹോദരിമാർ അന്ധരായാണ് ജനിച്ചത്. പിതാവ് ഒരു കഠിനാദ്ധ്വാനിയായ വ്യക്തി ആയിരുന്നുവെങ്കിലും കാഴ്ചലഭിക്കാനുള്ള ശസ്ത്രക്രിയ ചെയ്യിക്കാനുള്ള സാമ്പത്തിക ശേഷി അയാൾക്കില്ലായിരുന്നു. അപ്പോഴാണ് മെഡിക്കൽ മിഷൻ ഡോക്ടർമാരുടെ ഒരു സംഘം ആ പ്രദേശത്ത് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം നഴ്സ് കണ്ണിലെ ബാൻഡേജ് അഴിച്ചപ്പോൾ ആ പെൺകുട്ടികൾ വിടർന്ന് പുഞ്ചിരിച്ചു.” അമ്മേ, എനിക്ക് കാണാം! എനിക്ക് കാണാം!" അവർ ആശ്ചര്യഭരിതരായി.

ജന്മനാ മുടന്തനായ ഒരാൾ ദൈവാലയത്തിന്റെ ഗേറ്റിനരികിൽ തന്റെ സ്ഥിരം ഭിക്ഷാടന സ്ഥലത്ത് ഇരിക്കുകയായിരുന്നു. തന്റെ കയ്യിൽ നാണയമൊന്നുമില്ല, എന്നാൽ അതിനേക്കാൾ മെച്ചമായ ഒന്നുണ്ട് എന്ന് പത്രോസ് അയാളോട് പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” (അപ്പൊ. പ്രവൃത്തി 3:6). ആ മനുഷ്യൻ “കുതിച്ചെഴുന്നേറ്റ് നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടു കൂടെ ദൈവാലയത്തിൽ കടന്നു.” (വാ.8)

ഈ സഹോദരിമാരും ഈ മനുഷ്യനും, അവരുടെ കണ്ണുകളും കാലുകളും ഇതുവരെ കുരുടരോ മുടന്തരോ ആയിട്ടില്ലാത്തവരേക്കാൾ, എത്രയധികം ആസ്വദിച്ചിട്ടുണ്ടാകും. ആ പെൺകുട്ടികൾക്ക് ആശ്ചര്യവും ആനന്ദവും മൂലം കണ്ണുകൾ അടക്കുന്നതും തുറക്കുന്നതും നിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല; ആ മനുഷ്യനാകട്ടെ കുതിച്ചു ചാടുന്നതും.

നിങ്ങളുടെ സ്വാഭാവിക കഴിവുകളെപ്പറ്റി ചിന്തിച്ചു നോക്കൂ. അത്ഭുതകരമായ ഒരു സൗഖ്യം ലഭിച്ചിരുന്നെങ്കിൽ ആ കഴിവുകൾ നിങ്ങൾ എത്രയധികം ആസ്വദിക്കുകയും വ്യത്യസ്തമായി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു! ഇങ്ങനെ ചിന്തിക്കാം. നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ ആത്മീയമായി സൗഖ്യമാക്കിയിരിക്കുന്നു. നിങ്ങളുടെ പാപങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചിരിക്കുന്നു.

നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവനെ സ്തുതിക്കുകയും അവൻ പ്രദാനം ചെയ്തതെല്ലാം അവന് സമർപ്പിക്കുകയും ചെയ്യാം.

ദൈവം നിങ്ങളെ കാണുന്നു

രണ്ട് കുഞ്ഞുങ്ങളെ തനിയെ വളർത്തേണ്ടിവന്ന, അമ്മയായ എന്റെ സുഹൃത്ത് അൽമക്ക് ഓരോ പ്രഭാതവും വേദന നിറഞ്ഞതാണ്. അവൾ പറയുന്നു: "എല്ലാം ശാന്തമാകുമ്പോൾ ആകുലത പൊങ്ങിവരും. വീട്ടിലെ ജോലിത്തിരക്കിനിടയിൽ സാമ്പത്തിക പ്രതിസന്ധികളും കുഞ്ഞുങ്ങളുടെ പഠനവും ആരോഗ്യപ്രശ്നങ്ങളും ഒക്കെ ചിന്തയിലേക്ക് വരും."

ഭർത്താവ് അവളെ ഉപേക്ഷിച്ചപ്പോൾ കുഞ്ഞുങ്ങളെ വളർത്താനുള്ള ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തു. അവൾ പറഞ്ഞു: "ഇത് വലിയ ശ്രമകരമാണ്. എന്നാൽ ദൈവം എന്നെയും കുടുംബത്തെയും കാണുന്നുണ്ട് എന്നെനിക്കറിയാം. രണ്ട് ജോലികൾ ചെയ്യുവാൻ അവിടുന്ന് ശക്തി നല്കുന്നു, ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു, കുട്ടികൾക്ക് ഓരോ ദിവസവും അവിടുത്തെ പരിപാലനം അനുഭവിക്കാനാകുന്നു."

ദൈവം എന്നെ കാണുന്നു എന്നത് ഒരു മിസ്രയീമ്യ ദാസിയായിരുന്ന ഹാഗാറിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അബ്രാമിൽ നിന്ന് ഗർഭം ധരിച്ചശേഷം അവൾ സാറായിയെ നിന്ദിച്ചു (ഉല്പത്തി 16:4), തത്ഫലമായി സാറായി അവളോട് കഠിനമായി പെരുമാറി, അവൾക്ക് മരുഭൂമിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഹാഗാർ ഏകാന്തതയിലായി, അവൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും മുമ്പിൽ ഭാവി ഇരുളടഞ്ഞതും പ്രത്യാശയില്ലാത്തതുമായി.

എന്നാൽ മരുഭൂമിയിൽ "യഹോവയുടെ ദൂതൻ " (വാ. 7) അവളെ കണ്ട് പറഞ്ഞു: "യഹോവ നിന്റെ സങ്കടം കേട്ടു" (വാ.11).  എന്താണ് ചെയ്യേണ്ടത് എന്നും ഭാവിയിൽ സംഭവിക്കുന്നത് എന്താണെന്നും ദൂതൻ അവളോട് പറഞ്ഞു. ഹാഗാറിൽ നിന്നാണ് ദൈവത്തിന്റെ ഒരു പേര് നമ്മൾ പഠിക്കുന്നത് - ഏൽ റോയി, "എന്നെ കാണുന്ന ദൈവം" (വാ.13).

ഹാഗാറിനെപ്പോലെ നിങ്ങളും ഒരു പ്രയാസമുള്ള യാത്രയിലാകാം - തകർച്ചയിലും ഏകാന്തതയിലും. എന്നാൽ ശൂന്യദേശത്തും ദൈവം നിങ്ങളെ കാണുന്നു എന്ന് ഓർക്കണം. അവങ്കലേക്ക് ചെല്ലുക; മുന്നോട്ട് നയിക്കാനായി അവനിൽ ആശ്രയിക്കുക.

എന്തൊരു കണ്ടെത്തൽ!

റേഷ്മയുടെ കണ്ണ് ആ പുരാതന ഡ്രസ്സിങ്ങ് ടേബിളിൽ ഉടക്കി, മടിച്ചു നില്ക്കാതെ അവളത് വാങ്ങി. അതിന്റെ വലിപ്പുകൾ തുറന്നപ്പോൾ ഒരു സ്വർണ്ണ മോതിരവും കുറച്ച് കുടുംബ ഫോട്ടോകളും ലഭിച്ചു. ഫോട്ടോകളുടെ പുറകിൽ പേര്, സ്ഥലം തിയതിയൊക്കെ കുറിച്ചിട്ടുണ്ടായിരുന്നു. മോതിരം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. ജെന്നിഫർ ഫെയ്സ്ബുക്ക് വഴി ഫോട്ടോയിലുള്ള ഒരാളെ കണ്ടുപിടിച്ചു. മോതിരം അവർക്ക് എത്തിച്ച് നല്കിയപ്പോൾ, തലമുറകളായി അവരുടെ കുടുംബം ഇത് കൈമാറി വന്നിരുന്നതാണെന്നും എപ്പോഴോ നഷ്ടപ്പെട്ടു പോയതാണെന്നും, ഇപ്പോൾ കണ്ടെത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

2 രാജാക്കന്മാർ 22:8-ൽ ഹില്കിയാവ് ഒരു അസാധാരണ കണ്ടെത്തൽ നടത്തിയതായി നാം വായിക്കുന്നു: “ന്യായപ്രമാണ പുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു.” "യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ" (വാ.5) യോശിയാവ് രാജാവ് കല്പന കൊടുത്തപ്പോൾ, ന്യായപ്രമാണ പുസ്തകം അവർ കണ്ടെത്തുകയായിരുന്നു.  മിക്കവാറും അത് ആവർത്തന പുസ്തകമായിരിക്കും. "രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടപ്പോൾ" വികാരാധീനനാകുകയും വല്ലാതെ അസ്വസ്ഥനാകുകയും ചെയ്തു (വാ.11). യഹൂദയിലെ ദേവാലയവും, ദൈവവും, ദൈവം അരുളിച്ചെയ്ത വചനങ്ങളുമെല്ലാം ആ കാലത്ത് അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. വലിയ മാനസാന്തരത്തോടെ, രാജാവ് ദേവാലയം ശുദ്ധീകരിച്ചു; ദൈവത്തിന് അനിഷ്ടമായിരുന്ന വിഗ്രഹങ്ങളും മറ്റും നീക്കം ചെയ്ത് രാജ്യത്ത് വലിയൊരു നവീകരണം വരുത്തി (23:1-24).

ഇന്ന്, ദൈവത്തിന്റെ ജ്ഞാനവും കല്പനകളും ആയ  66 പുസ്തകങ്ങൾ - ആവർത്തന പുസ്തകം ഉൾപ്പെടെ - അടങ്ങിയ ബൈബിൾ നമുക്കുണ്ട്. അതു നാം ശ്രദ്ധയോടെ വായിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ വഴികളെയും മനസ്സുകളെയും നവീകരിക്കട്ടെ. തിരുവെഴുത്തിലെ രൂപാന്തരം വരുത്തുന്ന സത്യങ്ങളിൽ ആമഗ്നരായി, ഒരായുസ്സിന് മതിയായ ജ്ഞാനം നമുക്ക് പ്രാപിക്കാം. 

ഒരു എളിയ വിരുന്ന്

പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ എഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.

"ഇതെന്ത് മര്യാദ കേടാണ്", മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.

പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, "ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്" (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, "മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ" (വാ.5) എന്നും, "ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു" എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന്  താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ആവശ്യമില്ലാത്ത അതിഥികൾ

ശില്പയും അജയ്യും ആകർഷകമായ ആ സ്ഥലത്ത് ഉല്ലാസപൂർവം മധുവിധു ആഘോഷിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അജയ്യുടെ കാലിൽ ചൊറിച്ചിലും തടിപ്പും കാണപ്പെട്ടു. ഒരു പകർച്ചവ്യാധി വിദഗ്ദനെ അവർ കണ്ടു. പുതിയ ചെരിപ്പ് ധരിച്ചപ്പോൾ ഉണ്ടായ കുമിളകളിൽ കൂടി അണുക്കൾ പ്രവേശിച്ച് ഉണ്ടായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസത്തോടെ ആരംഭിച്ച ആഘോഷം അനാവശ്യമായി വന്നു ചേർന്ന "അതിഥികൾ" മൂലം പ്രയാസകരമായ അനുഭവമായി മാറി.

പാപത്തോട് പോരാടുവാൻ ദൈവത്തോട് സഹായം ചോദിച്ചില്ലെങ്കിൽ, ആവശ്യമില്ലാതെ വന്നു ചേരുന്ന അതിഥികളായ പാപവും മത്സരവും ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കാനുള്ള തന്റെ ഹൃദയാഭിലാഷത്തിന് വിലങ്ങുതടിയാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. പ്രകൃതിയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എങ്ങനെയെന്നും (സങ്കീർത്തനങ്ങൾ 19:1-6), ദൈവിക കല്പനകളിൽ അടങ്ങിയ ജ്ഞാനം എത്രയധികമെന്നും (വാ. 7-10) വിവരിച്ച ശേഷം, ദാവീദ് മനഃപൂർവവും മനഃപൂർവ്വമല്ലാത്തതും ആയ എല്ലാ അനുസരണക്കേടിൽ നിന്നും തന്നെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു. "മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണമേ; സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കണമേ" (വാ.12, 13). പാപമെന്ന പകർച്ചവ്യാധി ബാധിക്കാതെ തടയാൻ യാതൊരു മാനുഷിക പ്രയത്നത്തിനും സാധിക്കുകയില്ലെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് ബുദ്ധിപൂർവ്വം അദ്ദേഹം ദൈവത്തിന്റെ സഹായം തേടി.

ദൈവത്തെ മാനിച്ച് ജീവിക്കാനുള്ള നമ്മുടെ സ്വപ്നത്തെ പാപം തട്ടിത്തെറിപ്പിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും? ദൈവത്തിലേക്ക് തന്നെ കണ്ണുകളുയർത്താം, പാപം ഏറ്റു പറഞ്ഞ് അനുതപിക്കാം, ജീവിതത്തിൽ തുരന്നുകയറുന്ന അനാവശ്യമായ ആത്മീയ പരാദങ്ങളെ അകറ്റി നിർത്താൻ ദൈവിക സഹായം തേടാം.